Friday, February 26, 2016

ബ്രഹ്മപുരത്ത് മാലിന്യം വൈദ്യുതിയാകും

MALAYALA MANORAMA

ബ്രഹ്മപുരത്ത് മാലിന്യം വൈദ്യുതിയാകും

Friday 26 February 2016 04:39 PM IST

കൊച്ചി∙ വിശാല കൊച്ചിയുടെ മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമാവുന്ന അത്യാധുനിക ഖരമാലിന്യ സംസ്കരണ പ്ലാന്റ് ബ്രഹ്മപുരത്തു രണ്ടു വർഷം കൊണ്ടു പൂർത്തിയാവും. മാലിന്യം സംസ്കരിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റാണു നിർമിക്കുക. ജിജെ കൺസോർഷ്യവുമായി സർക്കാർ നിർമ്മാണക്കരാർ ഒപ്പിട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ. ബാബു, വി.കെ ഇബ്രാഹി കുഞ്ഞ്, മേയർ സൗമിനി ജെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സെക്രട്ടറി അമിത് വീണയും ജിജെ കൺസോർഷ്യം മാനേജിങ് ഡയറക്ടർ ജിബി ജോർജുമാണ് കരാർ ഒപ്പിട്ടത്.

295 കോടി രൂപയാണു പ്ലാന്റിന്റെ നിർമാണച്ചെലവ്. കരാർ അനുസരിച്ചു രണ്ടു വർഷത്തിനുളളിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യണം. ഇതു തെറ്റിച്ചാൽ കരാർ കമ്പനി സർക്കാറിനു നഷ്ടപരിഹാരം നൽകണമെന്നു വ്യവസ്ഥയുണ്ട്. പ്ലാന്റ് നിശ്ചിത സമയത്തു പൂർത്തിയാക്കിയില്ലെങ്കിൽ ഈ ബാധ്യതയ്ക്കൊപ്പം മറ്റു സാമ്പത്തിക നഷ്ടവും കരാർക്കമ്പനിക്കു വരുമെന്നതിനാൽ രണ്ടു വർഷത്തിനുളളിൽ തന്നെ പ്ലാന്റ് കമ്മിഷൻ ചെയ്യുമെന്നാണു കണക്കു കൂട്ടൽ. പദ്ധതിക്കായി തൃക്കാക്കരയിൽ കമ്പനിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. 

പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കൽ, ഫണ്ട് സ്വരൂപിക്കൽ, മണ്ണു പരിശോധനയുൾപ്പെടെയുളള പ്രാരംഭ നടപടികൾ എന്നിവയെല്ലാം പൂർത്തിയാക്കി നിയമാനുസൃതമായ എല്ലാ അനുമതികളും അടുത്ത ആറു മാസത്തിനുളളിൽ നേടണം. ഇതിനു ശേഷമുളള ഒന്നര വർഷമാണു നിർമാണ കാലയളവ്. ജിജെ കൺസോർഷ്യത്തിനു കീഴിൽ രൂപീകരിച്ച ജിജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റ‍ഡ് എന്ന പ്രത്യേക കമ്പനിയാണു (എസ്പിവി) പദ്ധതി നടപ്പാക്കുക. മലയാളി വ്യവസായി ജിബി ജോർജ് നേതൃത്വം നൽകുന്ന ലണ്ടൻ ആസ്ഥാനമായ ജിജെ കൺസോർഷ്യത്തിനു കീഴിൽ തന്നെയുളള ലണ്ടൻ ഇൻവെസ്മെന്റ് കൺസൽറ്റൻസിയാണു സാമ്പത്തിക പങ്കാളി. ഫണ്ട് കണ്ടെത്തുന്നത് ഇവരുടെ നേതൃത്വത്തിലാവും. ലണ്ടൻ ആസ്ഥാനമായ ബയോമാസ് പവറാണു പ്ലാന്റിന്റെ സാങ്കേതിക പങ്കാളി. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യ സജ്ജമാക്കുന്നത് ഇവരുടെ നേതൃത്വത്തിലാവും. ഈ പങ്കാളികളേയും കൂടി ഉൾപ്പെടുത്തിയാണ് എസ്പിവി രൂപീകരിച്ചിരി ക്കുന്നത്. കിറ്റ്കോയാണു പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസർ.

ബ്രഹ്മപുരത്തു പുതിയ പ്ലാന്റിനായി 20 ഏക്കർ സ്ഥലമാണു മാറ്റി വച്ചിരിക്കുന്നത്. ക്ലീൻ കേരള കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യം സംസ്കരണ പ്ലാന്റിനോടു ചേർന്നുളള സ്ഥലമാ ണിത്. ഇതിൽ അഞ്ച് ഏക്കർ സ്ഥലം മാത്രമാണു കമ്പനിക്ക് ഇപ്പോൾ കൈമാറുക. വിശദമായ പദ്ധതി രൂപരേഖ തയാറാക്കി നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യത്തിനനുസരിച്ചാവും കൂടുതൽ സ്ഥലം നൽകുക. ഇപ്പോൾ നൽകിയിരിക്കുന്ന അഞ്ച് ഏക്കറിന് തുച്ഛമായ തുക വാർഷിക ഫീസായി നഗരസഭ ഈടാക്കും. എന്നാൽ പ്ലാൻ അനുസരിച്ച് അഞ്ചേക്കറിനു മുകളിൽ അനുവദിക്കുന്ന സ്ഥലത്തിന് ഉയർന്ന തുകയാവും ഈടാക്കുക. നിർമിച്ച് ഓപ്പറേറ്റ് ചെയ്തു കൈമാറുന്ന പദ്ധതിയിൽ 20 വർഷമാണു കരാർ കാലാവധി. ഇതിനു ശേഷം സർക്കാറിനു കൈമാറും. 

ശേഷി 400 ടൺ; ഉറപ്പാക്കേണ്ടത് 300 ടൺ

കൊച്ചി∙ ദിവസവും 400 ടൺ ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുളള പ്ലാന്റാണു ബ്രഹ്മപുരത്തു സ്ഥാപിക്കുക. ഇതിനു 300 ടൺ മാലിന്യമെങ്കിലും ദിനവും ഉറപ്പാക്കണമെന്നാണു കമ്പനി ആവശ്യപ്പെടുന്നത്. നിലവിൽ കൊച്ചി നഗരസഭ പരിധിയിൽ 180–200 ടൺ മാലിന്യമാണ് ദിവസവും ഉണ്ടാവുന്നത്. 400 ടൺ വരെ ശേഷിയുളളതിനാൽ ജില്ലയിലെ മറ്റു മുനിസിപ്പാലിറ്റികളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമുളള മാലിന്യങ്ങളും ഇവിടെ എത്തിച്ചു സംസ്കരിക്കാം. ഭാവിയിൽ ചേർത്തല പോലെ സമീപ ജില്ലകളിലെ മുനിസിപ്പാലിറ്റികളിൽ നിന്നുളള മാലിന്യങ്ങളും ഇവിടെ സംസ്ക്കരിക്കാനാവും. 300 ടൺ മാലിന്യ ദിനവും പ്ലാന്റിലെത്തിക്കണമെങ്കിൽ ഇതു വേണ്ടി വരും. 

തരംതിരിക്കാതെ തന്നെ ഖരമാലിന്യം ഒരുമിച്ചു സംസ്ക്കരിക്കാം എന്നതാണു പുതിയ പ്ലാന്റിന്റെ പ്രത്യേകത. ജൈവമാലിന്യത്തിനൊപ്പം തന്നെ പ്ലാസ്റ്റിക്കും ‌തടിക്കഷണങ്ങളും അടക്കമുളള മാലിന്യവും സംസ്കരിക്കാം. എന്നാൽ കോണ്‍ക്രീറ്റും സിമന്റും കട്ടയും ഉൾപ്പെടെയുളള നിർമാണസാമഗ്രികളുടെ മാലിന്യങ്ങൾ അഞ്ചു ശതമാനത്തിലേറെയാവാൻ പാടില്ല. ഒപ്പം ആശുപത്രി മാലിന്യങ്ങളും പാടില്ല. ആശുപത്രി മാലിന്യങ്ങൾ ഐഎംഎയുടെ നേതൃത്വത്തിൽ കൃത്യമായി നീക്കം ചെയ്തു സംസ്കരിക്കുന്ന പദ്ധതി നിലവിലുളളതിനാൽ ഇക്കാര്യം പ്രശ്നമാവില്ല. 

വിവിധ പ്രദേശങ്ങളിൽ നിന്നു ബ്രഹ്മപുരത്ത് എത്തിക്കുന്ന ഖരമാലിന്യം തരംതിരിക്കാനും മറ്റുമായി കുന്നുകൂട്ടിയിടുന്നതിനു പകരം വൻശേഷിയുളള പ്ലാന്റിലേക്കു നേരിട്ടു സംസ്കരിക്കാനായി കടത്തിവിടാമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലെ ആകെ മാലിന്യങ്ങൾ കെട്ടിക്കിടക്കാതെ സുരക്ഷിതമായി ദിനവും സംസ്കരിക്കാനാവും എന്നതാണു പുതിയ പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മാലിന്യ സംസ്കരണവും കാര്യക്ഷമമാവണമെന്നു മാത്രം. ഇതിനു മുൻകൈയ്യെടുക്കേണ്ടത് അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. വിദേശ രാജ്യങ്ങളിലേതുപോലെ മാലിന്യ ശേഖരണവും നീക്കവും കൂടി ശാസ്ത്രീയമാക്കാനായാൽ മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമാവും. തുറന്ന വാഹനങ്ങളിലുളള മാലിന്യനീക്കം വലിയ പ്രശ്നമാണ്. കവചിത യന്ത്രവൽ‌കൃത വാഹനങ്ങളാണു വികസിത രാജ്യങ്ങളിലെല്ലാം മാലിന്യം നീക്കത്തിന് ഉപയോഗിക്കുന്നത്.

നഗരസഭയ്ക്ക് പണച്ചെലവില്ല‌

കൊച്ചി∙ ബ്രഹ്മപുരം പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു വിൽക്കുമ്പോൾ യൂണിറ്റിന് 15 രൂപ ഉറപ്പാക്കുന്നതിനു വില കഴിഞ്ഞു വരുന്ന തുക നൽകേണ്ട ബാധ്യതയുണ്ടെങ്കിലും ഒരു രൂപ പോലും നഗരാസഭയ്ക്കു സ്വന്തം ഫണ്ടിൽ നിന്ന് ഇതിനു ചെലവാക്കേണ്ടി വരില്ല. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ സാമൂഹിക പ്രതിബന്ധതാപദ്ധതിയുടെ ഭാഗമായി 25 കോടിയുടെ രൂപ മാല‌ിന്യ സംസ്കരണ പ്ലാന്റിനായി നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. 

ഈ തുക കരാർ കമ്പനിക്കുളള നഷ്ടം നികത്താൻ ഉപയോഗിക്കാം. ഇനി അതിലുമേറെ ആവശ്യമുണ്ടെങ്കിൽ തന്നെ അതു നൽകുക. സംസ്ഥാന സർക്കാർ ആയിരിക്കും. ശുചിത്വ മിഷൻ വഴിയാണ്. ഈ തുക നൽകുന്നത്. ചുരുക്കത്തിൽ നഗരസഭയ്ക്കു സ്ഥലം വിട്ടു കൊടുക്കുന്നതിനപ്പുറം പ്ലാന്റിന്റെ കാര്യത്തിൽ ചെലവൊന്നുമില്ല. മാത്രമല്ല, അഞ്ച് ഏക്കറിലേറെ സ്ഥലം വിട്ടു കൊടുക്കുന്നതിലൂടെ ലഭിക്കുന്ന ഉയർന്ന സ്ഥലവാടകയും ടണിന് 250 യൂണിറ്റ് വൈദ്യുതിക്കു മുകളിലുളളതു വിറ്റു കിട്ടുന്നതിന്റെ വരുമാന വിഹിതവുമായി പണം ലഭിക്കുകയും ചെയ്യും. 

ബ്രഹ്മപുരത്തെ മുഖ്യവരുമാനം വൈദ്യുതി വിൽപനയിലൂടെ

കൊച്ചി∙ ബ്രഹ്മപുരം പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിറ്റു കിട്ടുന്ന പണമാണു കമ്പനിയുടെ മുഖ്യ വരുമാനം. ഒരു ടൺ മാലിന്യത്തിൽ നിന്നു പരമാവധി 430 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നാണു കണക്ക്. ഇതനുസരിച്ച് ഓരോ ടണിൽ നിന്നും ഉൽപാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യുതിക്കു 15 രൂപ വീതം കൊച്ചി നഗരസഭ ഉറപ്പാക്കണമെന്നാണു കരാർ. അതായതു 100 ടൺ സംസാരിക്കുമ്പോൾ പരമാവധി ലഭിക്കാവുന്നതു 43000 യൂണിറ്റ് വൈദ്യുതിയാണെങ്കിൽ ഇതിൽ 25000 യൂണിറ്റിനു 15 രൂപ വീതം ഉറപ്പാക്കണം. പരമാവധി ഉൽപാദനം 430 യൂണിറ്റിൽ കുറഞ്ഞാലും 250 യൂണിറ്റിനു 15 രൂപ വീതം എന്നതിൽ മാറ്റമ‌ില്ല. ഇത് ആനുപാതികമല്ല.‌

പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനാവും വിൽക്കുക. ബോർഡ് എത്ര രൂപ നൽകി ഇതു വാങ്ങും എന്നതു സംബന്ധിച്ചു വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായുളള ചർച്ചകൾക്കു ശേഷമേ തീരുമാനമാകൂ. ഇതു 15 രൂപയിൽ താഴെയാണെങ്കിൽ ബാക്കി തുകയാണു നഗരസഭ നൽകേണ്ടത്. അതായത് ഓരോ ടണ്ണിൽ നിന്നുമുളള 250 യൂണിറ്റിന് ബോർഡ് കമ്പനിക്കു നൽകുന്ന വില യൂണിറ്റിന് 10 രൂപയാണെങ്കിൽ ബാക്കി നഷ്ടം നികത്താനുളള അഞ്ചു രൂപ നഗരസഭ നൽകണം. ഓരോ ടണി‍ൽ നിന്നും 250 ടണിനു മുകളിലുളള വൈദ്യുതിക്കു ഈ നഷ്ടം നികത്തൽ ബാധകമല്ല.

മാത്രവുമല്ല, ഇങ്ങനെയുളള അധിക വൈദ്യുതി വിൽപനയുടെ 20% കമ്പനി നഗരസഭയ്ക്കു നൽകണം. 10 രൂപയാണ് ഈ അധിക വൈദ്യുതിയുടെ നിരക്കെങ്കിൽ രണ്ടു രൂപ വീതം നഗരസഭയ്ക്കു ലഭിക്കും. മികച്ച ഉൽപാദനമുണ്ടായാൽ കമ്പനിയിൽ നിന്നു നഗരസഭയ്ക്ക് ഇങ്ങോട്ടും പണം ലഭിക്കുമെന്നു ചുരുക്കം. ഇതിനൊപ്പം അഞ്ട് ഏക്കറിനു മുകളിൽ പ്ലാന്റിനായി വിട്ടു കൊടുക്കുന്ന സ്ഥലത്തിനു വാർഷിക ഫീസ് ഇനത്തിൽ ഉയർന്ന തുകയും കമ്പനി നഗരസഭയ്ക്കു നൽകണം. ഇതും ഒരു വരുcമാനമാർഗമാവും. എന്നാൽ ഈ പദ്ധതിയെ ഒരു വരുcമാനമാർഗമായല്ല, നഗരസഭയ്ക്കു വലിയ ചെലവോ ബാധ്യതയോ ഇല്ലാതെ മാലിന്യ പ്രശ്നം ശാശ്വതമായും ശാസ്ത്രീയമായും പരിഹരിക്കാനുളള മാർഗമായാണു കാണുന്നതെന്നു കൊച്ചി മേയർ സൗമിനി ജെയിൻ ചൂണ്ടിക്കാട്ടി. ഇതു തന്നെയാണു പദ്ധതിയുടെ മുഖ്യ ആകർഷണവും. 

വൈദ്യുതി ഉത്പാദനം ഇങ്ങനെ

കൊച്ചി∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയാണു ബ്രഹ്മപുരത്തെ അത്യാധുനിക പ്ലാന്റിൽ ഉപയോഗിക്കുന്നത്. ഖരമാലി‌ന്യങ്ങൾ പ്ലാന്റിലൽ സംസ്കരിച്ചു സിന്തറ്റിക് (സിൻ ഗ്യാസ്) ഉൽപാദിപ്പിക്കും ഈ ഗ്യാസ് ഉപയോഗിച്ചു വെളളം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നീരാവി വഴി ടർബൈൻ പ്രവർത്തിച്ചാണു വൈദ്യുതി ഉല്‍പാദിപ്പിക്കുക. ഒരു ടൺ മാലിന്യത്തിൽ നിന്ന് ഇത്തരത്തിൽ 430 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നാണു കരുതുന്നത്. അതായതു 300 ടൺ മാലിന്യം സംസ്കരിച്ചാൽ 1.29 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കാനാവും.

ഇന്ത്യയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ആദ്യ പ്ലാന്റാണിതെങ്കിലും ഇറ്റലിയും സ്പെയിനും ഉൾപ്പെടെയുളള യൂറോപ്യൻ രാജ്യങ്ങളിൽ‌ വിജയകരമായി നടപ്പാക്കിയ സാങ്കേതിക വിദ്യായാണിതെന്നു ജിജെ കൺസോർഷ്യം അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ജൈവമാലിന്യം സംസ്കരിച്ച് വളം ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ പുതിയ പ്ലാന്റിൽ ഇത്തരം ഉപോൽപന്നങ്ങ ളുണ്ടാവില്ല. സംസ്കരിച്ച ശേഷമുളള പദാർഥങ്ങൾ ഉപയോഗിച്ച് ഇഷ്ടിക പോലുളള ഉപോൽപന്നങ്ങൾക്കു സാധ്യതയുണ്ട്. ഇതു വിശദമായ പദ്ധതി രൂപരേഖ അവതരിപ്പിക്കുമ്പോഴാവും വ്യക്തമാവുക. സംസ്കരണത്തിനു ശേഷം രണ്ടു ശതമാനം വരെ ചാരവും ഉണ്ടായേക്കും. ഇതു ഭൂമി നികത്തുന്നതിന് ഉപയോഗിക്കാം.


No comments:

Post a Comment